10 Be it known unto you all, and to all the people of Israel, that by the name of Jesus Christ of Nazareth, whom ye crucified, whom God raised from the dead, even by him doth this man stand here before you whole.
1യാക്കോബിനോടുകൂടെ താന്താന്റെ കുടുംബസഹിതം മിസ്രയീമിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ ആവിതു:
2രൂബേൻ, ശിമെയോൻ, ലേവി,
3യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ
4ദാൻ, നഫ്താലി, ഗാദ്, ആശേർ.
5യാക്കോബിന്റെ കടിപ്രദേശത്തുനിന്നു ഉത്ഭവിച്ച ദേഹികൾ എല്ലാം കൂടെ എഴുപതു പേർ ആയിരുന്നു; യോസേഫോ മുമ്പെ തന്നേ മിസ്രയീമിൽ ആയിരുന്നു.
6യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറ ഒക്കെയും മരിച്ചു.
7യിസ്രായേൽമക്കൾ സന്താനസമ്പന്നരായി അത്യന്തം വൎദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.
8 അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായി.
9അവൻ തന്റെ ജനത്തോടു: യിസ്രായേൽജനം നമ്മെക്കാൾ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു.
10അവർ പെരുകീട്ടു ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോടു ചേൎന്നു നമ്മോടു പൊരുതു ഈ രാജ്യം വിട്ടു പൊയ്ക്കളവാൻ സംഗതി വരാതിരിക്കേണ്ടതിന്നു നാം അവരോടു ബുദ്ധിയായി പെരുമാറുക.
11അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോന്നു പണിതു.
12എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം പെരുകി വൎദ്ധിച്ചു; അതുകൊണ്ടു അവർ യിസ്രായേൽമക്കൾ നിമിത്തം പേടിച്ചു.
14കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിനപ്രവൎത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവർ അവരുടെ ജീവനെ കൈപ്പാക്കി.
15 എന്നാൽ മിസ്രയീംരാജാവു ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികൎമ്മിണികളോടു:
16എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികൎമ്മത്തിന്നു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.
17സൂതികൎമ്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീം രാജാവു തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.
18അപ്പോൾ മിസ്രയീം രാജാവു സൂതികൎമ്മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
19സൂതികൎമ്മിണികൾ ഫറവോനോടു: എബ്രായസ്ത്രീകൾ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവർ നല്ല തിറമുള്ളവർ; സൂതികൎമ്മിണികൾ അവരുടെ അടുക്കൽ എത്തുമ്മുമ്പെ അവർ പ്രസവിച്ചുകഴിയും എന്നു പറഞ്ഞു.
20അതുകൊണ്ടു ദൈവം സൂതികൎമ്മിണികൾക്കു നന്മചെയ്തു; ജനം വൎദ്ധിച്ചു ഏറ്റവും ബലപ്പെട്ടു.
21സൂതി കൎമ്മിണികൾ ദൈവത്തെ ഭയപ്പെടുകകൊണ്ടു അവൻ അവൎക്കു കുടുംബവൎദ്ധന നല്കി.
22പിന്നെ ഫറവോൻ തന്റെ സകലജനത്തോടും: ജനിക്കുന്ന ഏതു ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണമെന്നും ഏതു പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു.