1സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം: തെക്കു ചുഴലിക്കാറ്റു അടിക്കുന്നതുപോലെ, അതു മരുഭൂമിയിൽനിന്നു ഭയങ്കരദേശത്തുനിന്നു തന്നേ വരുന്നു!
2കഠിനമായോരു ദൎശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു; ദ്രോഹി ദ്രോഹം ചെയ്യുന്നു; കവൎച്ചക്കാരൻ കവൎച്ച ചെയ്യുന്നു. ഏലാമേ, കയറിച്ചെല്ലുക, മേദ്യയേ, നിരോധിച്ചുകൊൾക; അതിന്റെ ഞരക്കമൊക്കെയും ഞാൻ നിൎത്തിക്കളയും.
3അതുകൊണ്ടു എന്റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു; നോവു കിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; എനിക്കു ചെവി കേട്ടുകൂടാതവണ്ണം ഞാൻ അതിവേദനപ്പെട്ടിരിക്കുന്നു; കണ്ണു കാണാതവണ്ണം ഞാൻ പരിഭ്രമിച്ചിരിക്കുന്നു.
4എന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; ഞാൻ കാംക്ഷിച്ച സന്ധ്യാസമയം അവൻ എനിക്കു വിറയലാക്കിത്തീൎത്തു.
6കൎത്താവു എന്നോടു: നീ ചെന്നു ഒരു കാവല്ക്കാരനെ നിൎത്തിക്കൊൾക; അവൻ കാണുന്നതു അറിയിക്കട്ടെ.
7ഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയെയും കഴുതപ്പടയെയും ഒട്ടകപ്പടയെയും കാണുമ്പോൾ അവൻ ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ എന്നു കല്പിച്ചു.
8അവൻ ഒരു സിംഹംപോലെ അലറി: കൎത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽനില്ക്കുന്നു; രാത്രി മുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു.
9ഇതാ, ഒരു കൂട്ടം കുതിരച്ചേവകർ; ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു എന്നു പറഞ്ഞു. വീണു, ബാബേൽ വീണു! അതിലെ ദേവന്മാരുടെ വിഗ്രഹങ്ങളൊക്കെയും നിലത്തു വീണു തകൎന്നുകിടക്കുന്നു എന്നും അവൻ പറഞ്ഞു.
10എന്റെ മെതിയേ, എന്റെ കളത്തിലെ ധാന്യമേ, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തു ഞാൻ കേട്ടിട്ടുള്ളതു നിങ്ങളോടു അറിയിച്ചിരിക്കുന്നു.
11ദൂമയെക്കുറിച്ചുള്ള പ്രവാചകം: കാവല്ക്കാരാ, രാത്രി എന്തായി? കാവല്ക്കാരാ, രാത്രി എന്തായി? എന്നു ഒരുത്തൻ സേയീരിൽനിന്നു എന്നോടു വിളിച്ചുചോദിക്കുന്നു.
12അതിന്നു കാവല്ക്കാരൻ: പ്രഭാതവും രാത്രിയും വന്നിരിക്കുന്നു; നിങ്ങൾക്കു ചോദിക്കേണമെങ്കിൽ ചോദിച്ചു കൊൾവിൻ; പോയി വരുവിൻ എന്നു പറഞ്ഞു.
13 അരബിദേശത്തെക്കുറിച്ചുള്ള പ്രവാചകം: ദേദാന്യരുടെ സാൎത്ഥഗണങ്ങളായുള്ളോരേ, നിങ്ങൾ അരബിയിലെ കാട്ടിൽ രാപാൎപ്പിൻ.
14തേമാദേശനിവാസികളേ, നിങ്ങൾ ദാഹിച്ചിരിക്കുന്നവന്നു വെള്ളം കൊണ്ടുചെല്ലുവിൻ; ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്നു എതിരേല്പിൻ.