1യോനാ മത്സ്യത്തിന്റെ വയറ്റിൽവെച്ചു തന്റെ ദൈവമായ യഹോവയോടു പ്രാൎത്ഥിച്ചു പറഞ്ഞതെന്തെന്നാൽ:
2ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു.
3നീ എന്നെ സമുദ്രമദ്ധ്യേ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.
4നിന്റെ ദൃഷ്ടിയിൽനിന്നു എനിക്കു നീക്കം വന്നിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു.
5വെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടൽപുല്ലു എന്റെ തലപ്പാവായിരുന്നു.
6ഞാൻ പൎവ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്കു അടെച്ചിരുന്നു. നീയോ, എന്റെ ദൈവമായ യഹോവേ, എന്റെ പ്രാണനെ കുഴിയിൽനിന്നു കയറ്റിയിരിക്കുന്നു.
7എന്റെ പ്രാണൻ എന്റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോൾ ഞാൻ യഹോവയെ ഓൎത്തു എന്റെ പ്രാൎത്ഥന നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി.