21 They say unto him, Cesar’s. Then saith he unto them, Render therefore unto Cesar the things which are Cesar’s; and unto God the things that are God’s.
11എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
12സ്വൎഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.
13 നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
14നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.
15വിളക്കു കത്തിച്ചു പറയിൻകീഴെയല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവൎക്കും പ്രകാശിക്കുന്നു.
16അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.
17 ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവൎത്തിപ്പാനത്രെ ഞാൻ വന്നതു.
18സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
19ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വൎഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വൎഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.
20നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
21 കുല ചെയ്യരുതു എന്നും ആരെങ്കിലും കുല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂൎവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
22ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.
23ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓൎമ്മവന്നാൽ
24നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.
25നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ ചേവകന്നും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും.
26ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു.
27വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
28ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.
29എന്നാൽ വലങ്കണ്ണു നിനക്കു ഇടൎച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
30വലങ്കൈ നിനക്കു ഇടൎച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
31ആരെങ്കിലും ഭാൎയ്യയെ ഉപേക്ഷിച്ചാൽ അവൾക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ.
32ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാൎയ്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.
33 കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കൎത്താവിന്നു നിവൎത്തിക്കേണം എന്നും പൂൎവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
34ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വൎഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം;
35ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം
36നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.
37നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.
38 കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.