9 And when he had opened the fifth seal, I saw under the altar the souls of them that were slain for the word of God, and for the testimony which they held:
10 And they cried with a loud voice, saying, How long, O Lord, holy and true, dost thou not judge and avenge our blood on them that dwell on the earth?
11 And white robes were given unto every one of them; and it was said unto them, that they should rest yet for a little season, until their fellowservants also and their brethren, that should be killed as they were, should be fulfilled.
1അതിന്റെശേഷം മോവാബ്യരും അമ്മോന്യരും അവരോടുകൂടെ മെയൂന്യരിൽ ചിലരും യെഹോശാഫാത്തിന്റെ നേരെ യുദ്ധത്തിന്നു വന്നു.
2ചിലർ വന്നു യെഹോശാഫാത്തിനോടു: വലിയോരു ജനസമൂഹം കടലിന്നക്കരെ നിന്നു, അരാമിൽനിന്നു നിന്റെ നേരെ വരുന്നു; ഇതാ അവർ ഏൻ-ഗെദിയെന്ന ഹസസോൻ-താമാരിൽ ഉണ്ടു എന്നു അറിയിച്ചു.
3യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാൻ താല്പൎയ്യപ്പെട്ടു യെഹൂദയിൽ ഒക്കെയും ഒരു ഉപവാസം പ്രസിദ്ധംചെയ്തു.
4യഹോവയോടു സഹായം ചോദിപ്പാൻ യെഹൂദ്യർ ഒന്നിച്ചുകൂടി; സകലയെഹൂദാനഗരങ്ങളിലുംനിന്നു അവർ യഹോവയെ അന്വേഷിപ്പാൻ വന്നു.
5യെഹോശാഫാത്ത് യഹോവയുടെ ആലയത്തിൽ പുതിയ പ്രാകാരത്തിന്റെ മുമ്പിൽ യെഹൂദയുടെയും യെരൂശലേമിന്റെയും സഭാമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതെന്തെന്നാൽ:
6ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വൎഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആൎക്കും എതിൎപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.
7ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്നു ഈ ദേശത്തിലെ നിവാസികളെ നീക്കിക്കളഞ്ഞു അതു നിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്കു ശാശ്വതമായി കൊടുത്തുവല്ലോ.
8അവർ അതിൽ പാൎത്തു; ന്യായവിധിയുടെ വാൾ, മഹാമാരി, ക്ഷാമം എന്നിങ്ങിനെയുള്ള വല്ല അനൎത്ഥവും ഞങ്ങൾക്കു വരുമ്പോൾ, ഞങ്ങൾ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു -നിന്റെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ- ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും എന്നു പറഞ്ഞു.
9അതിൽ തിരുനാമത്തിന്നു വേണ്ടി നിനക്കു ഒരു വിശുദ്ധമന്ദിരം പണിതു.
10യിസ്രായേൽ മിസ്രയീംദേശത്തുനിന്നു വരുമ്പോൾ അവർ അമ്മോന്യരേയും മോവാബ്യരേയും സേയീർപൎവ്വതക്കാരെയും ആക്രമിപ്പാൻ നീ അനുവാദം കൊടുത്തില്ലല്ലോ; അവർ അവരെ നശിപ്പിക്കാതെ വിട്ടുമാറി.
11ഇപ്പോൾ ഇതാ, നീ ഞങ്ങൾക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശത്തിൽനിന്നു ഞങ്ങളെ നീക്കിക്കളവാൻ അവർ വന്നു ഞങ്ങൾക്കു ഇങ്ങനെ പ്രതിഫലം തരുന്നു.
12ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിൎപ്പാൻ ഞങ്ങൾക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.
13അങ്ങനെ യെഹൂദ്യർ ഒക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാൎയ്യമാരോടും മക്കളോടും കൂടെ യഹോവയുടെ സന്നിധിയിൽ നിന്നു.
14അപ്പോൾ സഭാമദ്ധ്യേവെച്ചു യഹോവയുടെ ആത്മാവു ആസാഫിന്റെ പുത്രന്മാരിൽ മത്ഥന്യാവിന്റെ മകനായ യെയീയേലിന്റെ മകനായ ബെനായാവിന്റെ മകനായ സെഖൎയ്യാവിന്റെ മകൻ യഹസീയേൽ എന്ന ഒരു ലേവ്യന്റെമേൽ വന്നു.
15അവൻ പറഞ്ഞതു എന്തെന്നാൽ: യെഹൂദ്യർ ഒക്കെയും യെരൂശലേംനിവാസികളും യെഹോശാഫാത്ത് രാജാവും ആയുള്ളോരേ, കേട്ടുകൊൾവിൻ; യഹോവ ഇപ്രകാരം നിങ്ങളോടു അരുളിച്ചെയ്യുന്നു: ഈ വലിയ സമൂഹംനിമിത്തം ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ.
16നാളെ അവരുടെ നേരെ ചെല്ലുവിൻ; ഇതാ, അവർ സീസ് കയറ്റത്തിൽകൂടി കയറിവരുന്നു; നിങ്ങൾ അവരെ യെരൂവേൽമരുഭൂമിക്കെതിരെ തോട്ടിന്റെ അറ്റത്തുവെച്ചു കാണും.
17ഈ പടയിൽ പൊരുതുവാൻ നിങ്ങൾക്കു ആവശ്യം ഇല്ല; യെഹൂദയും യെരൂശലേമും ആയുള്ളോരേ, നിങ്ങൾ സ്ഥിരമായി നിന്നു യഹോവ നിങ്ങൾക്കു വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; നാളെ അവരുടെ നേരെ ചെല്ലുവിൻ; യഹോവ നിങ്ങളോടുകൂടെ ഉണ്ടു.
18അപ്പോൾ യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി; യെഹൂദ്യർ ഒക്കെയും യെരൂശലേം നിവാസികളും യഹോവയുടെ മുമ്പാകെ വീണു നമസ്കരിച്ചു.
19കെഹാത്യരും കോരഹ്യരുമായ ലേവ്യർ യിസ്രായേലിന്റെ ദൈവമായ യഹോവയെ അത്യുച്ചത്തിൽ സ്തുതിപ്പാൻ എഴുന്നേറ്റു.
20പിന്നെ അവർ അതികാലത്തു എഴുന്നേറ്റു തെക്കോവമരുഭൂമിയിലേക്കു പുറപ്പെട്ടു; അവർ പുറപ്പെട്ടപ്പോൾ യഹോശാഫാത്ത് നിന്നുകൊണ്ടു: യെഹൂദ്യരും യെരൂശലേംനിവാസികളും ആയുള്ളോരേ, എന്റെ വാക്കു കേൾപിൻ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാൎത്ഥരാകും എന്നു പറഞ്ഞു.
21പിന്നെ അവൻ ജനത്തോടു ആലോചിച്ചിട്ടു, വിശുദ്ധാലങ്കാരം ധരിച്ചു സൈന്യത്തിന്നു മുമ്പിൽ നടന്നുകൊണ്ടു വാഴ്ത്തുവാനും: യഹോവയെ സ്തുതിപ്പിൻ, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ എന്നു ചൊല്ലുവാനും യഹോവെക്കു സംഗീതക്കാരെ നിയമിച്ചു.
22അവർ പാടി സ്തുതിച്ചുതുടങ്ങിയപ്പോൾ: യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപൎവ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി.
23അമ്മോന്യരും മോവാബ്യരും സേയീർപൎവ്വതനിവാസികളോടു എതിൎത്തു അവരെ നിൎമ്മൂലമാക്കി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു.
24യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിന്നരികെ എത്തിയപ്പോൾ അവർ പുരുഷാരത്തെ നോക്കി, അവർ നിലത്തു ശവങ്ങളായി കിടക്കുന്നതു കണ്ടു; ഒരുത്തനും ചാടിപ്പോയിരുന്നില്ല.
25യെഹോശാഫാത്തും അവന്റെ പടജ്ജനവും അവരെ കൊള്ളയിടുവാൻ വന്നപ്പോൾ അവരുടെ ഇടയിൽ അനവധി സമ്പത്തും വസ്ത്രവും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങൾക്കു ചുമപ്പാൻ കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ള അധികമുണ്ടായിരുന്നതുകൊണ്ടു അവർ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു.
26നാലാം ദിവസം അവർ ബെരാഖാതാഴ്വരയിൽ ഒന്നിച്ചുകൂടി; അവർ അവിടെ യഹോവെക്കു സ്തോത്രം ചെയ്തതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെ ബെരാഖാതാഴ്വര എന്നു പേർ പറഞ്ഞുവരുന്നു.
27യഹോവ അവൎക്കു ശത്രുക്കളുടെമേൽ ജയസന്തോഷം നില്കിയതുകൊണ്ടു യെഹൂദ്യരും യെരൂശലേമ്യരും എല്ലാം മുമ്പിൽ യെഹോശാഫാത്തുമായി സന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിപ്പോന്നു;
28അവർ വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു ചെന്നു.
29യഹോവ യിസ്രായേലിന്റെ ശത്രുക്കളോടു യുദ്ധം ചെയ്തു എന്നു കേട്ടപ്പോൾ ദൈവത്തിന്റെ ഭീതി ആ ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വന്നു.
30ഇങ്ങനെ അവന്റെ ദൈവം ചുറ്റും വിശ്രമം നല്കിയതുകൊണ്ടു യെഹോശാഫാത്തിന്റെ രാജ്യം സ്വസ്ഥമായിരുന്നു.
31 യെഹോശാഫാത്ത് യെഹൂദയിൽ വാണു; വാണുതുടങ്ങിയപ്പോൾ അവന്നു മുപ്പത്തഞ്ചുവയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അസൂബാ എന്നു പേർ; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു.
32അവൻ തന്റെ അപ്പനായ ആസയുടെ വഴിയിൽ നടന്നു അതു വിട്ടുമാറാതെ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
33എങ്കിലും പൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം തങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിങ്കലേക്കു തിരിച്ചതുമില്ല.
34യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ ചേൎത്തിരിക്കുന്ന ഹനാനിയുടെ മകനായ യെഹൂവിന്റെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
35 അതിന്റെശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവായ അഹസ്യാവോടു സഖ്യത ചെയ്തു. അവൻ മഹാദുഷ്പ്രവൃത്തിക്കാരനായിരുന്നു.
36അവൻ തൎശീശിലേക്കു ഓടിപ്പാൻ കപ്പലുണ്ടാക്കുന്നതിൽ അവനോടു യോജിച്ചു; അവർ എസ്യോൻ-ഗേബെരിൽവെച്ചു കപ്പലുകളുണ്ടാക്കി.
37എന്നാൽ മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസെർ യെഹോശാഫാത്തിന്നു വിരോധമായി പ്രവചിച്ചു: നീ അഹസ്യാവോടു സഖ്യത ചെയ്തതുകൊണ്ടു യഹോവ നിന്റെ പണികളെ ഉടെച്ചുകളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. കപ്പലുകൾ തൎശീശിലേക്കു ഓടുവാൻ കഴിയാതെ ഉടഞ്ഞുപോയി.