1അവൻ താമ്രംകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളം ഇരുപതു മുഴവും വീതി ഇരുപതു മുഴവും ഉയരം പത്തു മുഴവും ആയിരുന്നു.
2അവൻ ഒരു വാൎപ്പുകടലും ഉണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടുവക്കു പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു.
3അതിന്നു കീഴെ ചുറ്റിലും കുമിഴുകൾ മുഴത്തിന്നു പത്തുവീതം കടലിനെ ചുറ്റിയിരുന്നു. അതു വാൎത്തപ്പോൾ തന്നേ കുമിഴുകളും രണ്ടു നിരയായി വാൎത്തുണ്ടാക്കിയിരുന്നു.
4അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നു: മൂന്നു വടക്കോട്ടും മൂന്നു പടിഞ്ഞാറോട്ടും മൂന്നു തെക്കോട്ടും മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു. കടൽ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ഠഭാഗമൊക്കെയും അകത്തോട്ടു ആയിരുന്നു.
5അതിന്റെ കനം നാലു അംഗുലവും അതിന്റെ വക്കു പാനപാത്രത്തിന്റെ വക്കുപോലെയും വിടൎന്ന താമരപ്പൂപോലെയും ആയിരുന്നു. അതിൽ മൂവായിരം ബത്ത് വെള്ളം കൊള്ളും.
6അവൻ പത്തു തൊട്ടിയും ഉണ്ടാക്കി; കഴുകുന്ന ആവശ്യത്തിലേക്കു അഞ്ചു വലത്തുഭാഗത്തും അഞ്ചു ഇടത്തുഭാഗത്തും വെച്ചു. ഹോമയാഗത്തിന്നുള്ള സാധനങ്ങളെ അവർ അവയിൽ കഴുകും; കടലോ പുരോഹിതന്മാൎക്കു കഴുകുവാനുള്ളതായിരുന്നു.
7അവൻ പൊന്നുകൊണ്ടു പത്തു വിളക്കും അവയെക്കുറിച്ചുള്ള വിധിപ്രകാരം ഉണ്ടാക്കി, മന്ദിരത്തിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു.
8അവൻ പത്തു മേശയും ഉണ്ടാക്കി; മന്ദിരത്തിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു; അവൻ പൊന്നു കൊണ്ടു നൂറു കലശവും ഉണ്ടാക്കി.