11 And when they bring you unto the synagogues, and unto magistrates, and powers, take ye no thought how or what thing ye shall answer, or what ye shall say:
12 For the Holy Ghost shall teach you in the same hour what ye ought to say.
1ഇപ്പോഴോ, എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യിസ്രായേലേ, കേൾക്ക.
2നിന്നെ ഉരുവാക്കിയവനും ഗൎഭത്തിൽ നിന്നെ നിൎമ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യെശുരൂനേ, നീ ഭയപ്പെടേണ്ടാ.
3ദാഹിച്ചിരിക്കുന്നെടത്തു ഞാൻ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേൽ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേൽ എന്റെ അനുഗ്രഹത്തെയും പകരും.
4അവർ പുല്ലിന്റെ ഇടയിൽ നീൎത്തോടുകൾക്കരികെയുള്ള അലരികൾപോലെ മുളെച്ചുവരും.
5ഞാൻ യഹോവെക്കുള്ളവൻ എന്നു ഒരുത്തൻ പറയും; മറ്റൊരുത്തൻ തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തൻ തന്റെ കൈമേൽ: യഹോവെക്കുള്ളവൻ എന്നു എഴുതി, യിസ്രായേൽ എന്നു മറുപേർ എടുക്കും.
6യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.
7ഞാൻ പുരാതനമായോരു ജനത്തെ സ്ഥാപിച്ചതുമുതൽ ഞാൻ എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവെക്കയും ചെയ്യുന്നവൻ ആർ? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവർ പ്രസ്താവിക്കട്ടെ.
8നിങ്ങൾ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാൻ നിന്നോടു പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.
9വിഗ്രഹത്തെ നിൎമ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ള.
10ഒരു ദേവനെ നിൎമ്മിക്കയോ ഒന്നിന്നും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാൎക്കുകയോ ചെയ്യുന്നവൻ ആർ?
11ഇതാ അവന്റെ കൂട്ടക്കാർ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൌശലപ്പണിക്കാരോ മനുഷ്യരത്രേ; അവർ എല്ലാവരും ഒന്നിച്ചുകൂടി നില്ക്കട്ടെ; അവർ ഒരുപോലെ വിറെച്ചു ലജ്ജിച്ചുപോകും.
12കൊല്ലൻ ഉളിയെ മൂൎച്ചയാക്കി തീക്കനലിൽ വേല ചെയ്തു ചുറ്റികകൊണ്ടു അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീൎക്കുന്നു; അവൻ വിശന്നു ക്ഷീണിക്കുന്നു; വെള്ളം കുടിക്കാതെ തളൎന്നുപോകുന്നു.
13ആശാരി തോതുപിടിച്ചു ഈയക്കോൽകൊണ്ടു അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരെക്കയും ചെയ്യുന്നു; ഇങ്ങനെ അവൻ അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീൎത്തു ക്ഷേത്രത്തിൽ വെക്കുന്നു.
14ഒരുവൻ ദേവദാരുക്കളെ വെട്ടുകയും തേക്കും കരിവേലവും എടുക്കയും കാട്ടിലെ വൃക്ഷങ്ങളിൽ അവയെ കണ്ടു ഉറപ്പിക്കയും ഒരു അശോകം നട്ടുപിടിപ്പിക്കയും, മഴ അതിനെ വളൎത്തുകയു ചെയ്യുന്നു.
15പിന്നെ അതു മനുഷ്യന്നു തീ കത്തിപ്പാൻ ഉതകുന്നു; അവൻ അതിൽ കുറെ എടുത്തു തീ കായുകയും അതു കത്തിച്ചു അപ്പം ചുടുകയും അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കയും ഒരു വിഗ്രഹം തീൎത്തു അതിന്റെ മുമ്പിൽ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു.
16അതിൽ ഒരംശംകൊണ്ടു അവൻ തീ കത്തിക്കുന്നു; ഒരംശം കൊണ്ടു ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവൻ ചുട്ടുതിന്നു തൃപ്തനാകുന്നു; അവൻ തീ കാഞ്ഞു; നല്ല തീ, കുളിർ മാറി എന്നു പറയുന്നു.
17അതിന്റെ ശേഷിപ്പുകൊണ്ടു അവൻ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നേ, ഉണ്ടാക്കി അതിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിക്കയും അതിനോടു പ്രാൎത്ഥിച്ചു: എന്നെ രക്ഷിക്കേണമേ; നീ എന്റെ ദേവനല്ലോ എന്നു പറകയും ചെയ്യുന്നു.
18അവർ അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല; കാണാതവണ്ണം അവരുടെ കണ്ണുകളെയും ഗ്രഹിക്കാതവണ്ണം അവരുടെ ഹൃദയങ്ങളെയും അവൻ അടെച്ചിരിക്കുന്നു.
19ഒരുത്തനും ഹൃദയത്തിൽ വിചാരിക്കുന്നില്ല: ഒരംശം ഞാൻ കത്തിച്ചു കനലിൽ അപ്പം ചുട്ടു ഇറച്ചിയും ചുട്ടു തിന്നു; ശേഷിപ്പുകൊണ്ടു ഞാൻ ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കുമോ? ഒരു മരമുട്ടിയുടെ മുമ്പിൽ സാഷ്ടാംഗം വീഴുമോ! എന്നിങ്ങനെ പറവാൻ തക്കവണ്ണം ഒരുത്തന്നും അറിവും ഇല്ല, ബോധവുമില്ല.
20അവൻ വെണ്ണീർ തിന്നുന്നു; വഞ്ചിക്കപ്പെട്ട അവന്റെ ഹൃദയം അവനെ തെറ്റിച്ചുകളയുന്നു; അവൻ തന്റെ പ്രാണനെ രക്ഷിക്കുന്നില്ല; എന്റെ വലങ്കയ്യിൽ ഭോഷ്കില്ലയോ? എന്നു ചോദിക്കുന്നതുമില്ല.
21യാക്കോബേ, ഇതു ഓൎത്തുകൊൾക; യിസ്രായേലേ, നീ എന്റെ ദാസനല്ലോ; ഞാൻ നിന്നെ നിൎമ്മിച്ചു; നീ എന്റെ ദാസൻ തന്നേ; യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളകയില്ല.
22ഞാൻ കാർമുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊൾക; ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു.
23ആകാശമേ, ഘോഷിച്ചുല്ലസിക്ക; യഹോവ ഇതു ചെയ്തിരിക്കുന്നു ഭൂമിയുടെ അധോഭാഗങ്ങളേ, ആൎത്തുകൊൾവിൻ; പൎവ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവേ, പൊട്ടിയാൎക്കുവിൻ; യഹോവ യാക്കോബിനെ വീണ്ടെടുത്തു യിസ്രായേലിൽ തന്നെത്താൻ മഹത്വപ്പെടുത്തുന്നു.
24നിന്റെ വീണ്ടെടുപ്പുകാരനും ഗൎഭത്തിൽ നിന്നെ നിൎമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?
25ഞാൻ ജല്പകന്മാരുടെ ശകുനങ്ങളെ വ്യൎത്ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്വമാക്കുകയും ചെയ്യുന്നു.
26ഞാൻ എന്റെ ദാസന്റെ വചനം നിവൎത്തിച്ചു എന്റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; യെരൂശലേമിൽ നിവാസികൾ ഉണ്ടാകുമെന്നും യെഹൂദാനഗരങ്ങൾ പണിയപ്പെടും, ഞാൻ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു.
27ഞാൻ ആഴിയോടു ഉണങ്ങിപ്പോക; നിന്റെ നദികളെ ഞാൻ വറ്റിച്ചുകളയും എന്നു കല്പിക്കുന്നു.
28കോരെശ് എന്റെ ഇടയൻ; അവൻ എന്റെ ഹിതമൊക്കെയും നിവൎത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.