7 Many waters cannot quench love, neither can the floods drown it: if a man would give all the substance of his house for love, it would utterly be contemned.
1നീതിമാൻ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാൻ അനൎത്ഥത്തിന്നു മുമ്പെ കഴിഞ്ഞുപോകുന്നു എന്നു ആരും ഗ്രഹിക്കുന്നില്ല.
2അവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരൊക്കെയും താന്താന്റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു.
4നിങ്ങൾ ആരെയാകുന്നു കളിയാക്കുന്നതു? ആരുടെനേരെയാകുന്നു നിങ്ങൾ വായ്പിളൎന്നു നാക്കു നീട്ടുന്നതു? നിങ്ങൾ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ?
5നിങ്ങൾ കരുവേലങ്ങൾക്കരികത്തും ഓരോ പച്ചമരത്തിൻകീഴിലും ജ്വലിച്ചു, പാറപ്പിളൎപ്പുകൾക്കു താഴെ തോട്ടുവക്കത്തുവെച്ചു കുഞ്ഞുങ്ങളെ അറുക്കുന്നുവല്ലോ.
6തോട്ടിലെ മിനുസമുള്ള കല്ലു നിന്റെ പങ്കു; അതു തന്നേ നിന്റെ ഓഹരി; അതിന്നല്ലോ നീ പാനീയ ബലി പകൎന്നു ഭോജനബലി അൎപ്പിച്ചിരിക്കുന്നതു? ഈ വക കണ്ടിട്ടു ഞാൻ ക്ഷമിച്ചിരിക്കുമോ?
7പൊക്കവും ഉയരവും ഉള്ള മലയിൽ നീ നിന്റെ കിടക്ക വിരിച്ചിരിക്കുന്നു; അവിടേക്കു തന്നേ നീ ബലികഴിപ്പാൻ കയറിച്ചെന്നു.
8കതകിന്നും കട്ടിളെക്കും പുറകിൽ നീ നിന്റെ അടയാളം വെച്ചു, നീ എന്നെ വിട്ടു ചെന്നു മറ്റുള്ളവൎക്കു നിന്നെത്തന്നേ അനാവൃതയാക്കി കയറി നിന്റെ കിടക്ക വിസ്താരമാക്കി അവരുമായി ഉടമ്പടിചെയ്തു അവരുടെ ശയനം കൊതിച്ചു ആംഗ്യം നോക്കിക്കൊണ്ടിരുന്നു.
9നീ തൈലവുംകൊണ്ടു മോലെക്കിന്റെ അടുക്കൽ ചെന്നു, നിന്റെ പരിമളവൎഗ്ഗം ധാരാളം ചെലവു ചെയ്തു, നിന്റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു.
10വഴിയുടെ ദൂരംകൊണ്ടു നീ തളൎന്നുപോയിട്ടും അതു നിഷ്ഫലമെന്നു നീ പറഞ്ഞില്ല; നിന്റെ കൈവശം ജീവശക്തി കണ്ടതുകൊണ്ടു നിനക്കു ക്ഷീണം തോന്നിയില്ല.
11കപടം കാണിപ്പാനും എന്നെ ഓൎക്കയോ കൂട്ടാക്കുകയോ ചെയ്യാതിരിപ്പാനും നീ ആരെയാകുന്നു ശങ്കിച്ചു ഭയപ്പെട്ടതു? ഞാൻ ബഹുകാലം മിണ്ടാതെ ഇരുന്നിട്ടല്ലയോ നീ എന്നെ ഭയപ്പെടാതിരിക്കുന്നതു?
12നിന്റെ നീതി ഞാൻ വെളിച്ചത്താക്കും; നിന്റെ പ്രവൃത്തികളോ നിനക്കു പ്രയോജനമാകയില്ല.
13നീ നിലവിളിക്കുമ്പോൾ നിന്റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ; എന്നാൽ അവയെ ഒക്കെയും കാറ്റു പാറ്റിക്കൊണ്ടുപോകും; ഒരു ശ്വാസം അവയെ നീക്കിക്കളയും; എങ്കിലും എന്നെ ആശ്രയിക്കുന്നവൻ ദേശത്തെ അവകാശമാക്കി എന്റെ വിശുദ്ധപൎവ്വതത്തെ കൈവശമാക്കും.
14നികത്തുവിൻ, നികത്തുവിൻ, വഴി ഒരുക്കുവിൻ; എന്റെ ജനത്തിന്റെ വഴിയിൽ നിന്നു ഇടൎച്ച നീക്കിക്കളവിൻ എന്നു അവൻ അരുളിച്ചെയ്യുന്നു.
15ഉന്നതനും ഉയൎന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു.
16ഞാൻ എന്നേക്കും വാദിക്കയില്ല; എല്ലായ്പോഴും കോപിക്കയുമില്ല; അല്ലെങ്കിൽ അവരുടെ ആത്മാവും ഞാൻ സൃഷ്ടിച്ചിട്ടുള്ള ദേഹികളും എന്റെ മുമ്പിൽ നിന്നു ക്ഷയിച്ചുപോകുമല്ലോ.
17അവരുടെ അത്യാഗ്രഹത്തിന്റെ അകൃത്യംനിമിത്തം ഞാൻ കോപിച്ചു അവരെ അടിച്ചു; ഞാൻ കോപിച്ചു മുഖം മറെച്ചു; എന്നാറെ അവർ തിരിഞ്ഞു തങ്ങൾക്കു തോന്നിയ വഴിയിൽ നടന്നു.
18ഞാൻ അവരുടെ വഴികളെ കണ്ടിരിക്കുന്നു; ഞാൻ അവരെ സൌഖ്യമാക്കും; ഞാൻ അവരെ നടത്തി അവൎക്കു, അവരുടെ ദുഃഖിതന്മാൎക്കു തന്നേ, വീണ്ടും ആശ്വാസം വരുത്തും.
19ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും; ദൂരസ്ഥന്നും സമീപസ്ഥന്നും സമാധാനം, സമാധാനം എന്നും ഞാൻ അവരെ സൌഖ്യമാക്കും എന്നും യഹോവ അരുളിച്ചെയ്യുന്നു.
20ദുഷ്ടന്മാരോ, കലങ്ങിമറിയുന്ന കടൽപോലെയാകുന്നു; അതിന്നു അടങ്ങിയിരിപ്പാൻ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു.
21ദുഷ്ടന്മാൎക്കു സമാധാനമില്ല എന്നു എന്റെ ദൈവം അരുളിച്ചെയ്യുന്നു.