7 Many waters cannot quench love, neither can the floods drown it: if a man would give all the substance of his house for love, it would utterly be contemned.
1യഹോവയുടെ കൈ എന്റെമേൽ വന്നു യഹോവയുടെ ആത്മാവിൽ എന്നെ പുറപ്പെടുവിച്ചു താഴ്വരയുടെ നടുവിൽ നിറുത്തി; അതു അസ്ഥികൾകൊണ്ടു നിറഞ്ഞിരുന്നു.
2അവൻ എന്നെ അവയുടെ ഇടയിൽ കൂടി ചുറ്റിച്ചുറ്റി നടക്കുമാറാക്കി; അവ താഴ്വരയുടെ പരപ്പിൽ എത്രയും അധികമായിരുന്നു; അവ ഏറ്റവും ഉണങ്ങിയുമിരുന്നു.
3അവൻ എന്നോടു: മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ എന്നു ചോദിച്ചു; അതിന്നു ഞാൻ: യഹോവയായ കൎത്താവേ, നീ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.
4അവൻ എന്നോടു കല്പിച്ചതു: നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ചു അവയോടു പറയേണ്ടതു: ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾപ്പിൻ!
5യഹോവയായ കൎത്താവു ഈ അസ്ഥികളോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജീവിക്കേണ്ടതിന്നു ഞാൻ നിങ്ങളിൽ ശ്വാസം വരുത്തും.
6ഞാൻ നിങ്ങളുടെമേൽ ഞരമ്പുവെച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങൾ ജീവിക്കേണ്ടതിന്നു നിങ്ങളിൽ ശ്വാസം വരുത്തും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
7എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേൎന്നു.
8പിന്നെ ഞാൻ നോക്കി: അവയുടെ മേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കുപൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഇല്ലാതെയിരുന്നു.
9അപ്പോൾ അവൻ എന്നോടു കല്പിച്ചതു: കാറ്റിനോടു പ്രവചിക്ക; മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാലു കാറ്റുകളിൽനിന്നും വന്നു ഈ നിഹതന്മാർ ജീവിക്കേണ്ടതിന്നു അവരുടെ മേൽ ഊതുക.
10അവൻ എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു; അവർ ജീവിച്ചു ഏറ്റവും വലിയ സൈന്യമായി നിവിൎന്നുനിന്നു.
11പിന്നെ അവൻ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, ഈ അസ്ഥികൾ ഇസ്രായേൽഗൃഹമൊക്കെയും ആകുന്നു; ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശെക്കു ഭംഗം വന്നു, ഞങ്ങൾ തീരേ മുടിഞ്ഞിരിക്കുന്നു എന്നു അവർ പറയുന്നു.
12അതുകൊണ്ടു നീ പ്രവചിച്ചു അവരോടു പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റി യിസ്രായേൽദേശത്തേക്കു കൊണ്ടുപോകും.
13അങ്ങനെ എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
14നിങ്ങൾ ജീവക്കേണ്ടതിന്നു ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും; ഞാൻ നിങ്ങളെ സ്വദേശത്തു പാൎപ്പിക്കും; യഹോവയായ ഞാൻ അരുളിച്ചെയ്തു നിവൎത്തിച്ചുമിരിക്കുന്നു എന്നു നിങ്ങൾ അറിയും എന്നു യഹോവയുടെ അരുളപ്പാടു.
15 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
16മനുഷ്യപുത്രാ, നീ ഒരു കോൽ എടുത്തു അതിന്മേൽ: യെഹൂദെക്കും അവനോടു ചേൎന്നിരിക്കുന്ന യിസ്രായേൽമക്കൾക്കും എന്നു എഴുതിവെക്ക; പിന്നെ മറ്റൊരു കോൽ എടുത്തു അതിന്മേൽ: എഫ്രയീമിന്റെ കോലായ യോസേഫിന്നും അവനോടു ചേൎന്നിരിക്കുന്ന യിസ്രായേൽഗൃഹത്തിന്നൊക്കെക്കും എന്നു എഴുതിവെക്ക.
17പിന്നെ നീ അവയെ ഒരു കോലായി ഒന്നോടൊന്നു ചേൎക്കുക; അവ നിന്റെ കയ്യിൽ ഒന്നായിത്തീരും.
18ഇതിന്റെ താല്പൎയ്യം എന്തെന്നു നീ ഞങ്ങളെ അറിയിക്കയില്ലയോ എന്നു നിന്റെ സ്വജാതിക്കാർ നിന്നോടു ചോദിക്കുമ്പോൾ, നീ അവരോടു പറയേണ്ടതു:
19യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എഫ്രയീമിന്റെ കയ്യിലുള്ള യോസേഫിൻ കോലിനെയും അവനോടു ചേൎന്നിരിക്കുന്ന യിസ്രായേൽഗോത്രങ്ങളെയും എടുത്തു അവരെ അവനോടു, യെഹൂദയുടെ കോലിനോടു തന്നേ, ചേൎത്തു ഒരു കോലാക്കും; അവർ എന്റെ കയ്യിൽ ഒന്നായിരിക്കും.
20നീ എഴുതിയ കോലുകൾ അവർ കാൺകെ നിന്റെ കയ്യിൽ ഇരിക്കേണം.
21പിന്നെ നീ അവരോടു പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേൎന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും.
22ഞാൻ അവരെ ദേശത്തു, യിസ്രായേൽ പൎവ്വതങ്ങളിൽ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവൎക്കെല്ലാവൎക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല.
23അവർ ഇനി വിഗ്രഹങ്ങളാലും മ്ലേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നേ മലിനമാക്കുകയില്ല; അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവർ എനിക്കു ജനമായും ഞാൻ അവൎക്കു ദൈവമായും ഇരിക്കും.
24എന്റെ ദാസനായ ദാവീദ് അവൎക്കു രാജാവായിരിക്കും; അവൎക്കെല്ലാവൎക്കും ഒരേ ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും.
25എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാൎത്തിരുന്നതും ആയ ദേശത്തു അവർ പാൎക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവൎക്കു പ്രഭുവായിരിക്കും.
26ഞാൻ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവൎക്കു ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.
27എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാൻ അവൎക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.
28എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോൾ ഞാൻ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികൾ അറിയും.