1അനന്തരം മിസ്രയീംരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും മിസ്രയീംരാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു.
2ഫറവോൻ പാനപാത്രവാഹകന്മാരുടെ പ്രമാണിയും അപ്പക്കാരുടെ പ്രമാണിയുമായ തന്റെ രണ്ടു ഉദ്യോഗസ്ഥന്മാരോടു കോപിച്ചു.
3അവരെ അകമ്പടിനായകന്റെ വീട്ടിൽ യോസേഫ് ബദ്ധനായി കിടന്ന കാരാഗൃഹത്തിൽ ആക്കി.
4അകമ്പടിനായകൻ അവരെ യോസേഫിന്റെ പക്കൽ ഏല്പിച്ചു; അവൻ അവൎക്കു ശുശ്രൂഷചെയ്തു; അവർ കുറെക്കാലം തടവിൽ കിടന്നു.
5മിസ്രയീംരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തിൽ ബദ്ധന്മാരായിരുന്ന രണ്ടുപേരും ഒരു രാത്രിയിൽ തന്നേ വെവ്വേറെ അൎത്ഥമുള്ള ഓരോ സ്വപ്നം കണ്ടു.
6രാവിലെ യോസേഫ് അവരുടെ അടുക്കൽ വന്നു നോക്കിയപ്പോൾ അവർ വിഷാദിച്ചിരിക്കുന്നതു കണ്ടു.
7അവൻ യജമാനന്റെ വീട്ടിൽ തന്നോടുകൂടെ തടവിൽ കിടക്കുന്നവരായ ഫറവോന്റെ ഉദ്യോഗസ്ഥന്മാരോടു: നിങ്ങൾ ഇന്നു വിഷാദഭാവത്തോടിരിക്കുന്നതു എന്തു എന്നു ചോദിച്ചു.
8അവർ അവനോടു: ഞങ്ങൾ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാൻ ആരുമില്ല എന്നു പറഞ്ഞു. യോസേഫ് അവരോടു: സ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അതു എന്നോടു പറവിൻ എന്നു പറഞ്ഞു.
9അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ തന്റെ സ്വപ്നം അറിയിച്ചു പറഞ്ഞതു: എന്റെ സ്വപ്നത്തിൽ ഇതാ, എന്റെ മുമ്പിൽ ഒരു മുന്തിരി വള്ളി.
10മുന്തിരിവള്ളിയിൽ മൂന്നു കൊമ്പു; അതു തളിൎത്തു പൂത്തു; കുലകളിൽ മുന്തിരിങ്ങാ പഴുത്തു.
11ഫറവോന്റെ പാനപാത്രം എന്റെ കയ്യിൽ ഉണ്ടായിരുന്നു; ഞാൻ മുന്തിരിപ്പഴം പറിച്ചു ഫറവോന്റെ പാനപാത്രത്തിൽ പിഴിഞ്ഞു: പാനപാത്രം ഫറവോന്റെ കയ്യിൽ കൊടുത്തു.
12യോസേഫ് അവനോടു പറഞ്ഞതു: അതിന്റെ അൎത്ഥം ഇതാകുന്നു: മൂന്നു കൊമ്പു മൂന്നു ദിവസം.
13മൂന്നു ദിവസത്തിന്നകം ഫറവോൻ നിന്നെ കടാക്ഷിച്ചു, വീണ്ടും നിന്റെ സ്ഥാനത്തു ആക്കും. നീ പാനപാത്രവാഹകനായി മുമ്പിലത്തെ പതിവുപോലെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കും.
14എന്നാൽ നീ ശുഭമായിരിക്കുമ്പോൾ എന്നെ ഓൎത്തു എന്നോടു ദയ ചെയ്തു ഫറവോനെ എന്റെ വസ്തുത ബോധിപ്പിച്ചു എന്നെ ഈ വീട്ടിൽനിന്നു വിടുവിക്കേണമേ.
15എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്നു; ഈ കുണ്ടറയിൽ എന്നെ ഇടേണ്ടതിന്നു ഞാൻ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല.
16അൎത്ഥം നല്ലതെന്നു അപ്പക്കാരുടെ പ്രമാണി കണ്ടിട്ടു യോസേഫിനോടു: ഞാനും സ്വപ്നത്തിൽ എന്റെ തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട കണ്ടു.
17മേലത്തെ കൊട്ടയിൽ ഫറവോന്റെ വക അപ്പത്തരങ്ങൾ ഒക്കെയും ഉണ്ടായിരുന്നു; പക്ഷികൾ എന്റെ തലയിലെ കൊട്ടയിൽ നിന്നു അവയെ തിന്നുകളഞ്ഞു എന്നു പറഞ്ഞു.
18അതിന്നു യോസേഫ്: അതിന്റെ അൎത്ഥം ഇതാകുന്നു: മൂന്നു കൊട്ട മൂന്നു ദിവസം.
19മൂന്നു ദിവസത്തിന്നകം ഫറവോൻ നിന്റെ തല വെട്ടി നിന്നെ ഒരു മരത്തിന്മേൽ തൂക്കും; പക്ഷികൾ നിന്റെ മാംസം തിന്നുകളയും എന്നു ഉത്തരം പറഞ്ഞു.
20മൂന്നാം നാളിൽ ഫറവോന്റെ തിരുനാളിൽ അവൻ തന്റെ സകലദാസന്മാൎക്കും ഒരു വിരുന്നുകഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഓൎത്തു.
21പാനപാത്രവാഹകന്മാരുടെ പ്രമാണിയെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കേണ്ടതിന്നു വീണ്ടും അവന്റെ സ്ഥാനത്തു ആക്കി.
22അപ്പക്കാരുടെ പ്രമാണിയെയോ അവൻ തൂക്കിച്ചു; യോസേഫ് അൎത്ഥം പറഞ്ഞതുപോലെ തന്നെ.
23എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ ഓൎക്കാതെ അവനെ മറന്നുകളഞ്ഞു.