7 Many waters cannot quench love, neither can the floods drown it: if a man would give all the substance of his house for love, it would utterly be contemned.
5സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർ വീഥികളിൽ പട്ടിണികിടക്കുന്നു; ധൂമ്രവസ്ത്രം ധരിച്ചു വളൎന്നവർ കുപ്പകളെ ആലിംഗനം ചെയ്യുന്നു.
6കൈ തൊടാതെ പെട്ടെന്നു മറിഞ്ഞുപോയ സൊദോമിന്റെ പാപത്തെക്കാൾ എന്റെ ജനത്തിന്റെ പുത്രിയുടെ അകൃത്യം വലുതാകുന്നു.
7അവളുടെ പ്രഭുക്കന്മാർ ഹിമത്തിലും നിൎമ്മലന്മാരും പാലിലും വെളുത്തവരുമായിരുന്നു; അവരുടെ ദേഹം പവിഴത്തിലും ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.
8അവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു; വീഥികളിൽ അവരെ കണ്ടിട്ടു ആരും അറിയുന്നില്ല; അവരുടെ ത്വക്ക് അസ്ഥികളോടു പറ്റി ഉണങ്ങി മരംപോലെ ആയിത്തീൎന്നിരിക്കുന്നു.
9വാൾകൊണ്ടു മരിക്കുന്നവർ വിശപ്പുകൊണ്ടു മരിക്കുന്നവരിലും ഭാഗ്യവാന്മാർ; അവർ നിലത്തിലെ അനുഭവമില്ലയാകയാൽ ബാധിതരായി ക്ഷീണിച്ചുപോകുന്നു.
10കരുണയുള്ള സ്ത്രീകൾ തങ്ങളുടെ പൈതങ്ങളെ സ്വന്തകൈകൊണ്ടു പാകം ചെയ്തു; അവർ എന്റെ ജനത്തിൻ പുത്രിയുടെ നാശത്തിങ്കൽ അവൎക്കു ആഹാരമായിരുന്നു.
11യഹോവ തന്റെ ക്രോധം നിവൎത്തിച്ചു, തന്റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു; അവൻ സീയോനിൽ തീ കത്തിച്ചു: അതു അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.
12വൈരിയും ശത്രുവും യെരൂശലേമിന്റെ വാതിലുകൾക്കകത്തു കടക്കും എന്നു ഭൂരാജാക്കന്മാരും ഭൂവാസികൾ ആരും വിശ്വസിച്ചിരുന്നില്ല.
13അതിന്റെ നടുവിൽ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി.
14അവർ കുരടന്മാരായി വീഥികളിൽ ഉഴന്നു രക്തം പുരണ്ടു നടക്കുന്നു; അവരുടെ വസ്ത്രം ആൎക്കും തൊട്ടുകൂടാ.
15മാറുവിൻ! അശുദ്ധൻ! മാറുവിൻ! മാറുവിൻ! തൊടരുതു! എന്നു അവരോടു വിളിച്ചുപറയും; അവർ ഓടി ഉഴലുമ്പോൾ: അവർ ഇനി ഇവിടെ വന്നു പാൎക്കയില്ല എന്നു ജാതികളുടെ ഇടയിൽ പറയും.
16യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; അവൻ അവരെ കടാക്ഷിക്കയില്ല; അവർ പുരോഹിതന്മാരെ ആദരിച്ചില്ല, വൃദ്ധന്മാരോടു കൃപ കാണിച്ചതുമില്ല.
17വ്യൎത്ഥസഹായത്തിന്നായി നോക്കി ഞങ്ങളുടെ കണ്ണു ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാൻ കഴിയാത്ത ജാതിക്കായി ഞങ്ങൾ ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു.
18ഞങ്ങളുടെ വീഥികളിൽ ഞങ്ങൾക്കു നടന്നു കൂടാതവണ്ണം അവർ ഞങ്ങളുടെ കാലടികൾക്കു പതിയിരിക്കുന്നു; ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അവസാനം വന്നിരിക്കുന്നു.
19ഞങ്ങളെ പിന്തുടൎന്നവർ ആകാശത്തിലെ കഴുക്കളിലും വേഗമുള്ളവർ; അവർ മലകളിൽ ഞങ്ങളെ പിന്തുടൎന്നു, മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു.
20ഞങ്ങളുടെ ജീവശ്വാസമായി, യഹോവയുടെ അഭിഷിക്തനായവൻ അവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു; അവന്റെ നിഴലിൽ നാം ജാതികളുടെ മദ്ധ്യേ ജിവിക്കും എന്നു ഞങ്ങൾ വിചാരിച്ചിരുന്നു.
21ഊസ് ദേശത്തു പാൎക്കുന്ന എദോംപുത്രിയേ, സന്തോഷിച്ചു ആനന്ദിക്ക; പാനപാത്രം നിന്റെ അടുക്കലേക്കും വരും; നീ ലഹരിപിടിച്ചു നിന്നെത്തന്നേ നഗ്നയാക്കും.
22സീയോൻപുത്രിയേ, നിന്റെ അകൃത്യം തീൎന്നിരിക്കുന്നു; ഇനി അവൻ നിന്നെ പ്രവാസത്തിലേക്കു അയക്കയില്ല; എദോംപുത്രിയേ, അവൻ നിന്റെ അകൃത്യം സന്ദൎശിക്കയും നിന്റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.